മങ്ങിയ ഫ്രെയിമുകളും, മറന്ന് പോയ പാട്ടുകളും!

മങ്ങിയ ഫ്രെയിമുകളും, മറന്ന് പോയ പാട്ടുകളും!

"അപ്പന്റെ കയ്യിൽ കുറെ കാസറ്റ് കളക്ഷൻ ഉണ്ടായിരുന്നു. ഇപ്പോഴല്ല ഒരു 2005 കാലഘട്ടത്തിലൊക്കെ . ഞാൻ അതൊക്കെ mp3 ആയിട്ട് കൺവെർട്ട് ചെയ്തിട്ട് നെറ്റിൽ അപ്‌ലോഡ് ചെയ്യുവാരുന്നു. അങ്ങനെ ഞങ്ങളെ പോലുള്ളവർ അപ്‌ലോഡ് ചെയ്ത പാട്ടുകളാണ് പിന്നീട് നിങ്ങൾക്ക് ഡൌൺലോഡ് ചെയ്യാൻ കിട്ടിയത് ."

ജസ്റ്റിൻ പറയുന്ന ഈ കാര്യം പ്രസക്തമാണ് . നമ്മുടെ പല മികച്ച സിനിമകളും ഇന്ന് നല്ല ക്വാളിറ്റിയിൽ കാണാൻ പറ്റാത്ത അവസ്ഥയാണ്. കിലുക്കവും യോദ്ധയും ഒക്കെ ഇത്തരത്തിൽ ഫിലിം നെഗറ്റിവ് നഷ്ടപ്പെട്ട് പോയത് കൊണ്ട് റീ മാസ്റ്ററിങ് ചെയ്യാൻ പറ്റാതെ പോയ സിനിമകളാണെന്ന് കേട്ടിട്ടുണ്ട് . സിനിമ ചർച്ചകളിലും മറ്റും മുതിർന്ന സിനിമ പ്രേമികൾ പറയുന്ന സിനിമകളിൽ പലതും ഇന്ന് എവിടെയും കാണാനുള്ള അവസരമില്ല. ഇതേ പോലെ എത്ര മികച്ച സിനിമകൾ നമുക്ക് നഷ്ടമായി പോയിട്ടുണ്ടാകാം!

വിഗതകുമാരൻ മുതൽ തന്നെ ഇതേ അവസ്ഥ നമുക്ക് കാണാം. തിയേറ്ററിൽ ഓടി വരുമാനം ഉണ്ടാക്കുന്നതിനപ്പുറം സിനിമയെ സൂക്ഷിച്ച് വെക്കേണ്ടതിന് നമ്മൾ വേണ്ട പ്രാധാന്യം കൊടുത്തിട്ടില്ല. ഓരോ സിനിമയും ആ കാലഘട്ടത്തിന്റെയും കഥ നടക്കുന്ന പ്രദേശത്തിന്റെയും രേഖപ്പെടുത്തലാണ്. ഇങ്ങനെയായിരുന്നു പണ്ട് ചങ്ങനാശ്ശേരി ചന്ത എന്ന് സ്പടികം കാണിച്ച് പുതിയ തലമുറയോട് നമ്മുക്ക് പറഞ്ഞ് കൊടുക്കാൻ പറ്റും. ഒരു ചരിത്ര സ്ഥലം എങ്ങനെ പരിപാലിക്കേണ്ടതുണ്ടോ, അതെ പ്രാധാന്യത്തോടെ നമ്മുടെ സിനിമകളെ സൂക്ഷിച്ച് വെക്കേണ്ടത് അനിവാര്യമാണ് .

DVD, Blu-Ray ഇറങ്ങിയ സമയങ്ങളിൽ നല്ല ക്വാളിറ്റിയിൽ സിനിമ ശേഖരിച്ച് വെയ്ക്കാനുള്ള അവസരം സിനിമ പ്രേമികൾക്ക് ലഭിച്ചിരുന്നു. സിനിമ ഫിസിക്കൽ മീഡിയയിൽ നിന്ന് സ്ട്രീമിങ്ങിലേക്ക് മാറിയപ്പോൾ നിയമപരമായി സിനിമ കളക്ഷൻ എന്നത് ഒരു സിനിമ പ്രേമിക്ക് സാധിക്കാത്ത അവസ്ഥയായി മാറി . ഒരു സിനിമ ഒരു കോർപ്പറേറ്റ് കമ്പനിയുടെ സർവറിൽ മാത്രമായി ഒതുങ്ങി പോകുന്ന ഈ കാലത്ത് നിയമപരമല്ലെങ്കിൽ കൂടി, പൈറസി സൈറ്റുകൾ ഒരു പരിധി വരെ രക്ഷയാകുന്നുണ്ട്.

സർക്കാർ തലത്തിൽ സിനിമ ആർക്കൈവ് ചെയ്യുക പോലത്തെ കാര്യങ്ങൾ നടപ്പാക്കേണ്ടതുണ്ട്. സിനിമ നിർമ്മാണത്തിന്റെ ചിലവിനൊപ്പം, സിനിമ ഭാവിയിലേക്ക് സൂക്ഷിച്ച് വെക്കാനുള്ള ചിലവ് കൂടെ നിർമാതാവ് കരുതേണ്ടതുണ്ട്. ഇന്ന് നമ്മൾ ആസ്വദിക്കുന്ന സിനിമ ഭാവിയിൽ നമുക്കും നമ്മുടെ പുതിയ തലമുറയ്ക്കും മികച്ച ക്വാളിറ്റിയിൽ ആസ്വദിക്കാൻ സാധിക്കും എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.

"യവന കഥയിലെ..." എന്ന പാട്ട് ഇന്ന് നമ്മൾ ഏറ്റെടുത്തു. ഇത് പോലെ എത്രയോ മികച്ച പാട്ടുകളും സിനിമകളും ഒരു mp3 കിംഗ് ഇല്ലാത്തത് കൊണ്ട് നമുക്ക് നഷ്ടമായിട്ടുണ്ടാകാം!