കാണാതെ പോയിരിക്കാവുന്ന പുതിയ 6 മികച്ച സിനിമകൾ
ആരും അധികം പറഞ്ഞ് കേൾക്കാത്ത, അടുത്തിടെ പുറത്തിറങ്ങിയ ചില നല്ല സിനിമകളെക്കുറിച്ച് പറഞ്ഞ് പോകുകയാണ് താഴെ. 2025 അവസാനം, അല്ലെങ്കിൽ 2026ൽ തിയേറ്ററുകളിലേക്ക് എത്തിയതും യുട്യൂബിലും മറ്റും കാര്യമായി റിവ്യൂസ് കാണാത്തതുമായാ സിനിമകൾ മാത്രമാണ് ഇതിലേക്ക് പരിഗണിച്ചിട്ടുള്ളത്
6. Silent Night, Deadly Night (2025)

ബില്ലി എന്ന എട്ട് വയസ്സുകാരന്റെ മുന്നിൽ വെച്ച് സാന്റാക്ളോസിന്റെ വേഷത്തിൽ വന്ന ഒരാൾ അവന്റെ അമ്മയെയും അച്ഛനെയും കൊല്ലുന്നു. വർഷങ്ങൾക്ക് ശേഷം ബില്ലിയും ഇതേ മാതൃകയിൽ കൊല്ലാൻ ഇറങ്ങുന്നു. 1984ൽ ഇതേ പേരിൽ ഇറങ്ങിയ സിനിമയുടെ റീബൂട്ട് ആണിത്. സ്ളാഷർ/ഹൊറർ ഇഷ്ടമുള്ളവർക്ക് കണ്ട് നോക്കാവുന്നതാണ്.
5. Pressure (2026)

സഖ്യ കക്ഷികൾ ഫ്രാൻസിലെ നോർമണ്ടി തീരം ആക്രമിക്കാൻ ഒരുങ്ങുകയാണ്. ആക്രമണം നടത്താൻ ഉദ്ദേശിക്കുന്ന ദിവസത്തിലെ കാലാവസ്ഥ പ്രവചിക്കാൻ ഏൽപ്പിച്ചിരിക്കുന്നത് ജെയിംസ് സ്റ്റാഗ്ഗ് എന്ന കാലാവസ്ഥ ശാസ്ത്രജ്ഞനെയാണ്. ഈ ആക്രമണം യുദ്ധത്തിന്റെ ഭാവി തീരുമാനിക്കുന്നതിൽ ഏറെ നിർണായകമാണ്. ഹിസ്റ്ററി/ഡ്രാമ/ത്രില്ലർ സ്വഭാവത്തിലാണ് സിനിമയുടെ പോക്ക്. രണ്ടാം ലോക മഹായുദ്ധ കാലഘട്ടമാണ് വിഷയമെങ്കിലും യുദ്ധ രംഗങ്ങളിൽ അല്ല സിനിമയുടെ ഫോക്കസ്. അത് മനസ്സിലാക്കി കണ്ടാൽ മികച്ച സിനിമ അനുഭവമായിരിക്കും ഇത്.
4. Carolina Caroline (2025)

ചെറുപ്പത്തിൽ ഉപേക്ഷിച്ച് പോയ അമ്മയെ കാണാൻ കരോളിന എന്ന സ്ഥലത്തേക്ക്, കരോളിൻ എന്ന യുവതിയും അവളുടെ കാമുകനും യാത്ര തിരിക്കുന്നു. യാത്രയിലുടനീളം അവർ പണം കണ്ടെത്താൻ നടത്തുന്ന തട്ടിപ്പുകളും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമ. ക്രൈം/ത്രില്ലർ ഇഷ്ടപ്പെടുന്നവർക്ക് ഉറപ്പായും കണ്ട് നോക്കാവുന്നതാണ്. ഇതിൽ ലീഡ് റോൾ ചെയ്തേക്കുന്ന രണ്ട് പേരുടെയും പ്രകടനം കിടിലനാണ്. 2025ൽ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവല്ലിൽ പ്രദർശിപ്പിച്ച സിനിമ, ഈ വർഷം ജൂണിലാണ് തിയേറ്ററുകളിലേക്ക് എത്തിയത്.
3. Sweetness (2025)

ഡ്രഗ് അഡിക്റ്റായ 'പെയ്റ്റൺ അഡ്‌ലർ' എന്ന റോക്ക്സ്റ്റാറിന്റെ കടുത്ത ആരാധികയാണ് 'റൈലി' എന്ന ടീനേജ് പെൺകുട്ടി. ഒരിക്കൽ പെയ്റ്റൺ ഓടിച്ച കാർ റൈലിയെ അറിയാതെ ഇടിക്കുന്നു. കാര്യമായ പരിക്കുകളൊന്നും ഉണ്ടായില്ലെങ്കിലും ഒരു പ്രശ്നമാകാതിരിക്കാൻ റൈലിയെ കാറിൽ ഡ്രോപ്പ് ചെയ്യാമെന്ന് പെയ്റ്റൺ പറയുന്നു. തുടർന്നുള്ള യാത്രയിൽ തന്റെ ആരാധ്യ പുരുഷനായ പെയ്റ്റൺ കടുത്ത ഡ്രഗ് അഡിക്റ്റാണെന്നു മനസ്സിലാക്കുകയും പിന്നീട് റൈലി ചെയ്യുന്ന കാര്യങ്ങളുമാണ് ഈ കനേഡിയൻ സിനിമ. ക്രൈം/ത്രില്ലർ വിഭാഗത്തിലുള്ള മികച്ച ഒരു പടം.
2. Wasteman (2025)

പരോൾ കാത്ത് കിടക്കുന്ന ടെയ്‌ലറിന്റെ അതെ സെല്ലിലേക്ക് പുതിയതായി ഒരു തടവ് പുള്ളി എത്തുന്നു. തുടർന്ന് ഇരുവരും ജയിലിൽ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളാണ് സിനിമ പറഞ്ഞ് പോകുന്നത്. ക്രൈം/ത്രില്ലർ വിഭാഗത്തിലുള്ള ഒന്നര മണിക്കൂർ മാത്രമുള്ള ഈ സിനിമ മികച്ച ഒരു അനുഭവമാണ്. 4:3 aspect ratio യിലാണ് സിനിമ ഉള്ളത്.
1. Late Shift (2025)

ആവശ്യത്തിന് സ്റ്റാഫ് ഇല്ലാത്ത ഒരു ആശുപത്രിയിൽ ഫ്ലോറിയ എന്ന നേഴ്സ് ഒരു ഷിഫ്റ്റിൽ നടക്കുന്ന സംഭവങ്ങളാണ് ഈ ജർമ്മൻ സിനിമ പറയുന്നത്. അടുത്തിടെ കണ്ട മികച്ച സിനിമകളിൽ ഒന്നാണ് "Late Shift". ഫ്ലോറിയ അനുഭവിക്കുന്ന ടെൻഷൻ കാണുന്ന നമ്മളിലേക്കും എത്തിക്കുന്നതിൽ സിനിമ പൂർണ്ണമായി വിജയിക്കുന്നുണ്ട്.